ഞങ്ങളെക്കുറിച്ച്..

ബംഗാളിന്റെയും കേരളത്തിന്റെയും സാംസ്‌കാരിക മഹിമകള്‍ ലയിപ്പിച്ചും ഉയര്‍ത്തിക്കാണിച്ചും കൊല്‍ക്കത്ത കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്ന കലാ സാംസ്‌കാരിക സംഘടനയാണ് കൊല്‍ക്കത്ത കൈരളി സമാജം. 2014 ലെ തിരുവോണനാളായ  സെപ്തംബര്‍ 7 ന്, കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രഥമ യുവപുരസ്‌കാര്‍ ജേതാവും മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരനുമായ സുസ്‌മേഷ് ചന്ത്രോത്ത് കൊല്‍ക്കത്ത കൈരളി സമാജത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ചുരുങ്ങിയ നാളുകള്‍ക്കകം വിവിധ രംഗങ്ങളിലുള്ള പ്രഗത്ഭരെ പങ്കെടുപ്പിച്ച് ഒട്ടേറെ കലാ സാംസ്‌കാരിക പരിപാടികളും ജനക്ഷേമകരമായ സാമൂഹ്യ പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ കൊല്‍ക്കത്ത കൈരളി സമാജത്തിന് സാധിച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് കേരള ലളിത കലാ അക്കാദമി, കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, തുഞ്ചന്‍ മെമ്മോറിയല്‍ ട്രസ്റ്റ്, മാതൃഭൂമി ദിനപ്പത്രം, കൈരളി ടി വി, ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തിയിട്ടുള്ള പരിപാടികള്‍. വനിതാവിഭാഗം നടത്തിവരുന്ന കൈകൊട്ടിക്കളി, കൊല്‍ക്കത്തയിലെ മലയാളികള്‍ക്കിടയില്‍ ഏറെ ജനപ്രീതിയാര്‍ജ്ജിച്ചിട്ടുള്ളതാണ്. കേരള സംഗീത നാടക അക്കാദമിയുടെ പ്രവാസി നാടകമത്സരത്തില്‍ പങ്കെടുത്ത് കെ. കെ. എസ് ടീം അവതരിപ്പിച്ച നാടകങ്ങളും ഒട്ടേറെ അംഗീകാരങ്ങള്‍ കരസ്ഥമാക്കി.

ബംഗാളിയിലെ പ്രശസ്തമായ ഒട്ടുമിക്ക സാഹിത്യകൃതികള്‍ക്കും മലയാളത്തിലേക്ക് പരിഭാഷകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ മലയാളത്തിലെ സാഹിത്യകൃതികള്‍ക്ക് ബംഗാളിയിലേക്ക് പരിഭാഷകള്‍ വന്നിട്ടില്ലെന്നുതന്നെ പറയാം. ഈ സ്ഥിതി മാറുന്നതിനായി മലയാളത്തില്‍ നിന്നുള്ള പ്രമുഖ സാഹിത്യകൃതികള്‍ ബംഗാളിയിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതിനായി ഒരു പ്രസിദ്ധീകരണ വിഭാഗവും കൊല്‍ക്കത്ത കൈരളി സമാജത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

ഭാഷാ, ദേശ വ്യത്യാസം നോക്കാതെയാണ് കൈരളി സമാജം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. കൊല്‍ക്കത്തയിലേയും പരിസര ഗ്രാമങ്ങളിലേയും നിര്‍ദ്ധനരായ കുട്ടികള്‍ക്ക് സൗജന്യമായി പഠനസഹായം നല്‍കിവരുന്നത് അതിന്റെ ഭാഗമായാണ്. കൂടാതെ അവര്‍ക്കാവശ്യമായ സ്‌കൂള്‍ യൂണിഫോം, പാഠപുസ്തകം എന്നിവയും നല്‍കുന്നു. പാവപ്പെട്ട രോഗികള്‍ക്ക് വൈദ്യസഹായം, തണുപ്പുകാലത്ത് വഴിയോരവാസികള്‍ക്ക് പുതപ്പ് വിതരണം തുടങ്ങിയവയും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്.