ദ്വിദിന സാഹിത്യസെമിനാര്‍

IMG_3173

കൂടുതൽ ചിത്രങ്ങൾ

”ഭൂതകാലം നമ്മെ ഭരിച്ചുതുടങ്ങുന്ന ഈ കാലത്ത് ഫാസിസത്തെ ചെറുക്കാനും പ്രതിരോധിക്കാനും സാഹിത്യലോകത്തുനിന്നും ശക്തമായ പ്രതിരോധം കെട്ടിപ്പടുക്കേണ്ടതുണ്ട്.” – വൈശാഖന്‍.

കേരള സാഹിത്യ അക്കാദമിയും കൊല്‍ക്കത്ത കൈരളി സമാജവും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന സാഹിത്യസെമിനാറായ ”കിനാര്‍ ഥേക്കേ കിനാരേ..” (തീരം മുതല്‍ തീരം വരെ) സമാപിച്ചു. ജൂണ്‍ 3 ശനിയാഴ്ച രാവിലെ 10 മണിക്ക് കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റും പ്രമുഖ എഴുത്തുകാരനുമായ ശ്രീ വൈശാഖന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

”ബംഗാളി സാഹിത്യകൃതികളുടെ സ്വാധീനം കേരളത്തിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന് ഏറെ സഹായകമായിട്ടുണ്ട്. എന്നാല്‍ തിരിച്ച് മലയാളത്തിന്റെ മഹത്തായ കൃതികളില്‍ പലതും തിരികെ ബംഗാളിലേക്ക് തര്‍ജ്ജമയിലൂടെ വന്നിട്ടില്ല എന്നത് ഖേദകരമാണ്. ഭൂതകാലം നമ്മെ ഭരിച്ചുതുടങ്ങുന്ന ഈ കാലത്ത് ഫാസിസത്തെ ചെറുക്കാനും പ്രതിരോധിക്കാനും സാഹിത്യലോകത്തുനിന്നും ശക്തമായ പ്രതിരോധം കെട്ടിപ്പടുക്കേണ്ടതുണ്ട്. മലയാളിയുടെ സൗന്ദര്യബോധത്തിനേയും സംസ്‌കാരത്തേയും ആഴത്തില്‍ സ്വാധീനിച്ചിട്ടുള്ള മറുഭാഷാസാഹിത്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് ബംഗാളി സാഹിത്യമാണ്. തര്‍ജ്ജമകളിലൂടെ സാഹിത്യത്തിന്റെ ആദാനപ്രദാനം സാധ്യമാക്കുന്നതിന് കേരള സാഹിത്യ അക്കാദമിയും കൊല്‍ക്കത്ത കൈരളി സമാജവും ഊര്‍ജ്ജസ്വലമായി ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ തയ്യാറാകേണ്ടതുണ്ട്.” വൈശാഖന്‍ പറഞ്ഞു.

ചടങ്ങില്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ. പി മോഹനന്‍ അധ്യക്ഷനായി. സതികാന്ത് ഗുഹ ഫൗണ്ടേഷന്‍ ചെയര്‍മാര്‍ ശ്രീ ഇന്ദ്രനാഥ് ഗുഹ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.

വിവര്‍ത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ സുനില്‍ ഞാളിയത്തിനെ ഉദ്ഘാടനസമ്മേളനത്തില്‍ ആദരിച്ചു. ടാഗോറിന്റെ ”ചോഖേര്‍ ബാലി”യുടെ വിവര്‍ത്തനത്തിനാണ് സുനിലിന് പുരസ്‌കാരം ലഭിച്ചത്. സുനില്‍ ഞാളിയത്തിനെ കൈരളി സമാജത്തിനുവേണ്ടി പൊന്നാടയും പുസ്തകങ്ങളും നല്‍കി വൈശാഖന്‍ ആദരിച്ചു.

രണ്ടു ദിവസങ്ങളിലായി നടന്ന സെമിനാറില്‍, ”ഗീതാഞ്ജലിയും മലയാളഭാവനയും” എന്ന വിഷയത്തില്‍ ഡോ. സുനില്‍ പി. ഇളയിടവും ”നവോത്ഥാനനന്തര മലയാളകവിതയില്‍ ടാഗോറിന്റെ പ്രതിഫലനങ്ങള്‍” എന്ന വിഷയത്തെക്കുറിച്ച് ആലങ്കോട് ലീലാകൃഷ്ണനും സംസാരിച്ചു. ”ടാഗോര്‍ മലയാളത്തിലേക്ക് കടത്തിവിട്ട സര്‍ഗ്ഗാത്മകവിചാരങ്ങളെ”ക്കുറിച്ച് ഡോ. എസ്. ശാരദക്കുട്ടിയും ”മഹാകളി സങ്കല്‍പ്പം ഫോക് ലോറില്‍” എന്ന വിഷയത്തെക്കുറിച്ച് ഡോ. കെ. എം അനിലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഇ. പി രാജഗോപാലന്‍ ”നാടകം : വിനിമയത്തിന്റെ അരങ്ങ് ” എന്ന വിഷയമാണ് അവതരിപ്പിച്ചത്. ”ബംഗാളി നോവല്‍ പരിഭാഷകള്‍ മലയാളത്തില്‍” എന്ന വിഷയത്തില്‍ സുനില്‍ ഞാളിയത്ത് വിവര്‍ത്തനാനുഭവങ്ങള്‍ പങ്കുവച്ചു. ”കലയിലെ ബംഗാളി മലയാളി ആദാനപ്രദാന വഴികളെക്കുറിച്ചാണ്” ജോഷി ജോസഫ് സംസാരിച്ചത്. ”വായനക്കാരന്റെ വിഹ്വലതകളും അന്വേഷണങ്ങളും” എന്ന വിഷയത്തില്‍ പി. വേണുഗോപാലനും ”വംഗസാഹിത്യവും കൊല്‍ക്കത്ത ജീവിതവും: എഴുത്തുകാരന്റെ അനുഭവത്തില്‍” എന്ന വിഷയത്തില്‍ സുസ്‌മേഷ് ചന്ത്രോത്തും സംസാരിച്ചു.

ജോഷി ജോസഫിന്റെ തിരക്കഥാപുസ്തകമായ ”ആരാച്ചാരുടെ ജീവിതത്തില്‍നിന്ന് ഒരു ദിവസം” ചടങ്ങില്‍ പ്രകാശനം ചെയ്തു. ഡോ. എസ് ശാരദക്കുട്ടിക്കു നല്‍കി വൈശാഖനാണ് പുസ്തകം പ്രകാശിപ്പിച്ചത്. ക്യുറേറ്ററും ഡോക്യുമെന്ററി നിര്‍മ്മാതാവുമായ സുവേന്ദു ചാറ്റര്‍ജി ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

കൊല്‍ക്കത്ത കൈരളി സമാജത്തിന്റെ വെബ്‌സൈറ്റ് ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വി. ശ്രീകുമാര്‍ വെബ്‌സൈറ്റിന്റെ ഉള്ളടക്കത്തെ സദസ്സിന് പരിചയപ്പെടുത്തി. എം. സി കരുണാകരന്‍ സെഷന് നന്ദി പറഞ്ഞു.

രണ്ടുദിവസങ്ങളിലായി അതിഥികളും സദസ്സും തമ്മില്‍ തുറന്ന സംവാദം നടന്നു. സുതന്‍ ഭാസ്‌കരന്‍ സംവാദത്തിന്റെ മോഡറേറ്ററായി.

ജൂണ്‍ 4 ന് വൈകുന്നേരം സമാപനസമ്മേളനത്തോടെ സെമിനാര്‍ സമാപിച്ചു. കൊല്‍ക്കത്ത കൈരളി സമാജം പ്രസിഡന്റ് പി.വി വേണുഗോപാല്‍, സെക്രട്ടറി ടി. അജയ്കുമാര്‍, ട്രസ്റ്റി അംഗങ്ങളായ പി. വേണുഗോപാലന്‍, ടി. കെ ഗോപാലന്‍, പബ്ലിസിറ്റി കണ്‍വീനര്‍ എം. സി കരുണാകരന്‍ തുടങ്ങിയവര്‍ ദ്വിദിനസാഹിത്യസെമിനാറിന് നേതൃത്വം നല്‍കി.