കഥ- ഭ്രഷ്ട്…

By Vishnu K Nair

മാസപൂജയുടെ പായസം വാങ്ങാൻ ഇക്കുറി എനിക്ക് പോണ്ടിവന്നു….

അച്ഛയാണ് പതിവായി പായസം വാങ്ങികൊണ്ടുവരാറ്. ഇപ്രാവശ്യം അച്ഛക്ക് കുറച്ചു ജോലിത്തിരക്ക്.. അടുത്ത കുടുംബനാഥനാവേണ്ടവനല്ലേ….പോയല്ലേ പറ്റൂ….പോയി…..

പായസം വാങ്ങാനുള്ള പത്രം ഒരു കവറിലാക്കിപിടിച്ചു,നടന്നു അമ്പലത്തിലോട്ട്. സാധാരണ കൊല്ല പരീക്ഷ അടുക്കുമ്പോൾ ഭക്തിയിലഭയം പ്രാപിച്‌ നടന്ന വഴി..ആ ഭക്തിയൊക്കെ പൂവ്പോലെ കൊഴിയും.ഇത് അങ്ങനെയല്ല,നിവൃത്തികേടുകൊണ്ടു പെട്ടുപോയതാണ്.നടത്തത്തിനിടയിൽ എവിടെയോ വെച്ച് അമ്പലത്തിലെ കോളാമ്പിക്ക് ജീവൻവെച്ചു.കേട്ടാൽ അറയ്ക്കുന്ന ഒരു പാട്ട്.ഇങ്ങനെയൊക്കെ പാട്ടുണ്ടാക്കുമോ!?ആ പാണ്ടിനാദത്തിന് താളം പിടിച്ചു നടന്നു ,അമ്പലം എത്തി.ഗോപുരനട.അമ്പലത്തിന്റെ ശാന്തമായ അന്തരീക്ഷത്തിന്‌ ആ നിലവിളി ഒട്ടും ചേർന്നില്ല.അമ്പലത്തിന്റെ അകത്തേക്ക് ,മതിലോരത്തു ചേരുപ്പൂരി വെച്ച് കടക്കാൻ ഒരുങ്ങി.

“പായസത്തിന്ണ്ടോ?”

നടക്കൽ നിന്ന് വാര്യർ ചോദിച്ചു,അകത്തേക്ക് കടക്കും മുൻപേ..

“ആ…ണ്ട്”.

“ന്നാ ,ആ പാത്രം മാത്രം അകത്തോട്ട് കൊണ്ടന്നാ മതി”

പത്രം മാത്രമല്ലേ എന്റെ കയ്യിൽ ഉള്ളൂ,പിന്നെ എന്താ ഇയാൾ ഇങ്ങനെ പ്രതേകിച്ചു പറയുന്നത്.

ഞാൻ ഒന്നൂടെ അങ്ങോട്ട് പറഞ്ഞു

“പാത്രം മാത്രേ ഇതിൽള്ളു”.

“ആ സഞ്ചി പുറത്ത് വച്ച് വന്നോളൂ ന്നാ പറഞ്ഞെ”–വാര്യർ.

കയ്യിലെ പാത്രം ഇട്ട് പിടിച്ച പ്ലാസ്റ്റിക് സഞ്ചി ഉള്ളിലോട്ട് കടത്തണ്ട എന്നാ മൂപ്പര് പറഞ്ഞത്..

ഇനി അമ്പലം എങ്ങാനും ‘ഇക്കോ-ഫ്രണ്ട്ലി’ ആക്കിയോ?ഞാൻ ശങ്കിച്ചു.എന്നാലോ ഒരുപാട് പ്ലാസ്റ്റിക് അംശങ്ങൾ അകത്ത് കാണാനുമുണ്ട്.വാര്യർ മറ്റെന്തോ തിരക്കിൽ ഏർപ്പെട്ടു അവിടെ തന്നെ നിൽക്കുന്നു.

“അപ്പൊ ഇനി കവറൊന്നും കേറ്റാൻ പറ്റില്യ അകത്തിക്ക് ?”-രണ്ടും കല്പിച്ചു ഞാൻ അങ്ങോട്ട് ചോദിച്ചു..

“ഇത്‌ കേറ്റണ്ട”

“അതെന്താ?”

“ആ സന്ജീല് എന്താ എഴുതീട്ടുള്ളത് ?അതന്നെ കാരണം.”

കയ്യിൽ ഇത്രനേരം ഉണ്ടായിരുന്ന കവറിനെ നേരെയൊന്നു ശ്രദ്ധിച്ചത് അപ്പോഴാണ്.ധൃതിയിൽ,അമ്മ പോകാൻ നേരം എടുത്തു തന്നതാണ്.മാമൻ ഗൾഫിൽ നിന്ന് വന്നപ്പോൾ എന്തോ കൊണ്ടുവന്ന കവറാണത്. അതിൽ എന്തൊക്കെയോ   എഴുതീട്ടുണ്ട് അറബിയിലും മറ്റുമായി.

“ന്താ,ഈ കാവറിന് കൊഴപ്പം?നല്ല വൃത്തീണ്ടല്ലോ”-ഞാൻ

“അതില് എന്താ എഴുതീട്ടുള്ളത്”

“അതെനിക്കറീല്ല ഇതറബിയാ”

“അതന്നെകാരണം.മാപ്ലേരടെ ഭാഷല്ലേ!ഇതുംകൊണ്ട് അകത്തോട്ട് വരണ്ട,അത്രേന്നെ”

ഇത്രയും പറഞ്ഞയാൾ ധൃതിയിൽ അപ്പുറത്തേക്ക് പോയി.

കേവലം ഒരു നാട്ടിന്പുറത്തുകാരൻ വാര്യരുടെ വീക്ഷണ ശക്തി.ഞാൻ ആശ്ചര്യപ്പെട്ടു.

വടക്കേയിന്ദ്യയിലും മറ്റും കേൾക്കാറുള്ള ജാതിയുടെയും,മതത്തിന്റെയും പേരിലെ വേർതിരിവ് ,നമ്മുടെ നാട്ടിലൊന്നും ഉണ്ടാവാനേ സാധ്യതയില്ലെന്ന് പറഞ്ഞുറപ്പിച്ച മനസിന്റെ കെട്ടുറപ്പാണ് ,വാര്യരുടെ ആ വാക്കുകൾ ഇളക്കിയത്.

മനുഷ്യന് മാത്രമല്ല,കേവലമായ ഒരു കവറിൽ പോലും ഭാഷയുടെയും,മതത്തിന്റെയും പേരിൽ വേർതിരിവ് കാണുന്ന “വിദ്യാഭ്യസ്ഥ”സമൂഹം.

ഇത്രയും വിലക്ക് കല്പിച്ച, ആ വാര്യരുടെ മൂത്തമകൻ ദുബായിലെ ഏതോ കമ്പനിയിൽ ആണെന്ന് കേട്ടിട്ടുണ്ട്..പണത്തിനു മാത്രം അയിത്തമില്ല.അയാളോട് നല്ല രണ്ട് വർത്തമാനം പറയണം എന്നുണ്ടായിരുന്നു,സാഹചര്യം അനുവദിച്ചില്ല.കവറുപേക്ഷിച്ചു.

പായസം വാങ്ങി മത്തിൽപുറത്ത്എത്തി.നേരത്തേ എന്റെ പാത്രഭാരം താങ്ങിയ,വാര്യർ വിശേഷിപ്പിച്ച മാപ്ലഭാഷയുള്ള എന്റെ ‘വെള്ള’കവർ സഹതാപത്തോടെ മണ്ണിൽ കിടന്നെന്നെ നോക്കുന്നു.

എടുത്തു,കുടഞ്ഞു,നിവർത്തി.ആ ‘അറബിക്കവറിന്റെ’വായിലേക്ക് പായസം നുകർന്നുകൊടുത്തു-പാത്രത്തോടെ. മലയാളത്തിന്റെ കടുമധുരം,അറബിക്ക് പുളിക്കുകയൊന്നുമില്ല.ആരുംകാണാതെ,ചക്രവ്യൂഹം ഭേദിച്ച യോദ്ധാവുകണക്കെ ഞാൻ വീട് ലക്ഷ്യം വെച്ചു.സന്തോഷത്തിന്റെ ജലകണം മതി ,ക്രോധത്തിന്റെ കൊടുമ്പാറയലിയിക്കാൻ.

വിഷ്ണു.കെ.നായർ
1-ആം വർഷ എം.എ മലയാളം
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല.പ്രാദേശിക കേന്ദ്രം-തൃശ്ശൂർ
vknair1996@gmail.com

One thought on “കഥ- ഭ്രഷ്ട്…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s