ഓർമ്മകൾ

By Geetha Suryan

ഒരിക്കൽ ക്ലാസ്സിൽ ഗൗരവപൂർവം പാഠം എടുത്തുകൊണ്ടിരിക്കയാണ്. അപ്പോഴാണ് വാതിൽക്കൽ അവൾ വന്നത്. ടീച്ചർ,എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് എന്ന് പതിയെ പറഞ്ഞു. ശരി,ഒരു കാര്യം ചെയ്യൂ, അടുത്ത പീരിയഡ് ഞാൻ ഫ്രീയാണ്. നീ അപ്പോൾ വാ എന്ന് പറഞ്ഞു അവളെ വിട്ടു. ക്ലാസ് കഴിഞ്ഞു മുറിയിലെത്തിയപ്പോൾ അവൾ അവിടെ അക്ഷമയായി നിൽക്കുന്നു.

ടീച്ചർ, എനിക്ക് ഒരു കാര്യം പറയാനുണ്ട്. രഹസ്യമാണ്.ആരോടും ടീച്ചർ പറയില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഞാൻ വന്നത്. അവൾ അങ്ങനെ പറഞ്ഞത് കേട്ടപ്പോൾ സന്തോഷം തോന്നി. എന്റെ ക്ലാസുകളിൽ കുട്ടികൾ അധ്യാപകരെ വിശ്വാസമില്ലെന്ന് പലപ്പോഴും പറയാറുണ്ട്. അവർ സ്റ്റാഫ് റൂമിലേക്കു എന്തെങ്കിലും ആവശ്യത്തിന് വരുന്പോൾ അധ്യാപകർ കുട്ടികളെക്കുറിച്ചു പറയുന്ന കമന്റുകൾ അവർ കേൾക്കാറുണ്ട് എന്നതാണ് കാര്യം. പലപ്പോഴും ഞാൻ അന്പരന്നു പോയിട്ടുണ്ട് താനും. തങ്ങൾ പഠിപ്പിക്കുന്ന വിഷയത്തെക്കുറിച്ചോ ആ വിഷയത്തിന് കാലാന്തരമായി വന്ന മാറ്റങ്ങളെക്കുറിച്ചോ ഒന്നും അറിയാൻ താല്പര്യമില്ലാതെ ആവശ്യമില്ലാത്ത സംസാരങ്ങൾ എന്തിനാണിവർ നടത്തുന്നതെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്.

സഹപ്രവർത്തകരെക്കുറിച്ചു കമന്റുകൾ പാസാക്കുക, പലരുടെയും രഹസ്യങ്ങൾ തങ്ങൾക്കു അറിയാമെന്ന ഭാവത്തിൽ സംസാരിക്കുക, പാചകകുറിപ്പുകൾ ചർച്ച ചെയ്യുക, നന്നായി അണിഞ്ഞൊരുങ്ങി വരുന്നവരെ ഒറ്റപ്പെടുത്തുക തുടങ്ങിയ പലവിധ പരിപാടികളും അധ്യാപകർക്കിടയിൽ നടക്കുന്നുണ്ട്. എന്റെ ഇരുപതു കൊല്ലത്തെ അനുഭവത്തിനിടയിൽ തന്റെ വിഷയത്തെക്കുറിച്ചു ആധികാരികമായി സംസാരിക്കുകയും വായിക്കുകയും ചെയ്യുന്ന ഒരൊറ്റ അധ്യാപികയെപ്പോലും ഞാൻ കണ്ടിട്ടില്ല എന്നുള്ളതാണ് വാസ്തവം. പലപ്പോഴും എന്റെ കീഴിലുള്ളവരോട് ഏതു പാഠമാണോ പഠിപ്പിക്കുന്നത് അതിനേക്കുറിച്ചു ആധികാരികമായ അറിവ് സന്പാദിച്ചേ ക്ലാസിൽ കയറാവൂ എന്ന് പലപ്പോഴും ഉപദേശിക്കേണ്ടി വന്നിട്ടുണ്ട്. എം ടി യെക്കുറിച്ചും ഓ എൻ വി യെക്കുറിച്ചും ഓ.വി.വിജയനെക്കുറിച്ചും സംസാരിക്കുന്പോൾ അവരുടെ പേരുകളുടെ പൂർണരൂപം അറിയാത്ത ഭാഷാദ്ധ്യാപകരെ കണ്ടു വല്ലാത്ത നിസ്സഹായത തോന്നിയിട്ടുണ്ട്.

അപ്പോൾ എന്റെ ശിഷ്യയെക്കുറിച്ചാണ് പറഞ്ഞുവന്നത്.അവൾ അവളുടെ ഒരു ബന്ധുവുമായി സ്നേഹത്തിലാണ്. പറഞ്ഞുവരുന്പോൾ അവളുടെ സഹോദരൻ തന്നെയായി വരും ആ കക്ഷി.അവളുടെ ഫോൺകാളുകൾ അച്ഛൻ കണ്ടു. അങ്ങനെ കുടുംബത്തിൽ വലിയ പ്രശ്നമായി. അവൾക്കു അവനെ മറക്കാനാവില്ല. ഇനിയെന്താണ് ചെയ്യുക?എന്റെ അഭിപ്രായം അറിയണം. ഞങ്ങൾ കുറച്ചു ദൂരെ ആരുമില്ലാത്ത ഒരിടത്തു പോയി ഇരുന്നു. പിന്നീട് അവളോട് ഞാൻ പറഞ്ഞു. “നിനക്ക് പതിനഞ്ചു വയസ്സേ ആയിട്ടുള്ളൂ. പ്രായപൂർത്തി ആകാതെ വിവാഹം ചെയ്തു പോകാനാവില്ല. അതുവരെ അച്ഛന്റെയും അമ്മയുടെയും കൂടെ നിൽക്കാതെ തരമില്ല. ചിലപ്പോൾ നിന്റെ അച്ഛന്റെ പണം കണ്ടിട്ടാവണം അവൻ ആഗ്രഹിച്ചത്.അതിനാൽ ഒരു കാര്യം ചെയ്യൂ. തല്ക്കാലം അവനോടു പഠിപ്പു കഴിയുന്നതുവരെ കാത്തുനിൽക്കാൻ പറയൂ. നീ നന്നായി പഠിച്ചു ഒരു ജോലി കിട്ടിയാൽ നിനക്ക് സ്വാതന്ത്ര്യവും ലഭിക്കും. അന്ന് ഇതേ സ്നേഹവുമായി അവൻ കാത്തുനിൽക്കുമെങ്കിൽ അപ്പോൾ നീ എന്തുവേണമെന്നു തീരുമാനിക്കൂ.”

അവൾ വളരെ ശ്രദ്ധിച്ചാണ് കേട്ടത്. പിന്നെ ഒന്നും മിണ്ടാതെ പോയി. പത്താം ക്ലാസിൽ പഠിക്കുന്പോൾ തന്നെ ഇവർ എങ്ങനെ പ്രണയത്തിൽ അകപ്പെടുന്നു എന്ന് ഞാൻ അതിശയിച്ചു. പൊതുവെ ഗൾഫിലെ കുട്ടികൾ നാട്ടിലെ കുട്ടികളെ അപേക്ഷിച്ചു പാവങ്ങളാണെന്നു തോന്നാറുണ്ട്. ഇവർ എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കുന്നു. ആളുകളുമായുള്ള ഇടപെടലുകളും മനസ്സിലാക്കലുകളും ഇവർക്ക് പരിചയമില്ല. വീടും സ്കൂളുമാണ് ലോകം. കൊല്ലത്തിലൊരിക്കലാണ് നാട്ടിലേക്ക് പോകുന്നത്. അപ്പോൾ ആ മായിക കാഴ്ചകളിൽ ഈയാം പാറ്റകളെപ്പോലെ പറന്നു വീഴുന്നു. ഇത്തരം അനുഭവങ്ങളുമായി ധാരാളം കുട്ടികൾ എന്റെ അരികിൽ വരാറുണ്ട്. മോതിരം വരെ അവർ രഹസ്യമായി മാറുന്നുണ്ട് എന്ന ഞെട്ടിക്കുന്ന വിവരം കേട്ടു തരിച്ചു നിന്നിട്ടുണ്ട്.

ഏതായാലും ഞാനിവളെ പറഞ്ഞുവിട്ടതിനു ശേഷം പിന്നീട് കണ്ടില്ല. പന്ത്രണ്ടാം തരം പാസായ സന്തോഷത്തിൽ മിട്ടായി കൊണ്ടുവന്നപ്പോൾ ചുറ്റിലും ആളുകൾ ഉണ്ടായിരുന്നതിനാൽ ഒന്നും ചോദിക്കാനും കഴിഞ്ഞില്ല. പിന്നീട് ചിലപ്പോഴൊക്കെ ഞാൻ അവളെ ഓർമിച്ചിരുന്നു. വർഷങ്ങൾ കഴിഞ്ഞു. ഒരു ദിവസം ഫേസ്ബുക്കിൽ അവളുടെ സന്ദേശം. കല്യാണം കഴിഞ്ഞു, ഒരു കുട്ടിയായി. അന്നത്തെ പയ്യനെയല്ല. അച്ഛനും അമ്മയും ആലോചിച്ചു കൊണ്ടുവന്ന ആളാണ്. അവൾ ബിരുദാനന്തരബിരുദം കഴിഞ്ഞു. എന്നോട് പറയാനാവാത്ത നന്ദിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു. പലപ്പോഴും ഉപദേശങ്ങൾ വെറുതെയാണെന്നു തോന്നാറുണ്ടായിരുന്നു, ആരുടെ കാര്യത്തിലും.എന്നാൽ ഇവൾ എന്റെ ഉപദേശത്തെ എങ്ങനെയാണ് വിലമതിച്ചതെന്നു ഓർക്കുന്പോൾ സന്തോഷം തോന്നുന്നു. അധ്യാപകരുടെ ജീവിതം സാർത്ഥകമാകുന്നത് ഇങ്ങനെയൊക്കെയാണ്.

geethasuryan@yahoo.com

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s