കഥ- കളർ രോഗം

By Sijo M Johnson

പലപ്പോഴും വെള്ളത്തില്‍ പൊങ്ങിയലയുന്ന പൊങ്ങുതടിയായി അവന്റെ വാക്കുകളെ അവര്‍ തള്ളിക്കളയാറുണ്ട്. ഒരുപ്രായം കഴിഞ്ഞ് ഗര്‍ഭിണിയായി, അവനെ പേറേണ്ടി വന്നപ്പോഴും അമ്മയും അന്ന് കരുതിയതാണത്രെ; അവനെ തള്ളിക്കളയാന്‍! അവന്റെ വാക്കുകള്‍ക്കിടയില്‍ വിട്ടൊഴിയാത്ത ഒരുപാടു സാഹസങ്ങളുടെ നൊമ്പരമുണ്ട്; അതുകൊണ്ടായിരിക്കാം കേള്‍ക്കുന്നവരെല്ലാം ഇങ്ങനെ ചിരിക്കുന്നത്.

കലാഭവന്‍ മണി കളര്‍രോഗം വന്ന് മരിച്ചെന്ന് അവനോട് മകള്‍ പറഞ്ഞതോര്‍ത്ത് ഒരിക്കല്‍ ഓഫീസിലിരുന്ന് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. “മകളെ കളര്‍ രോഗമല്ല; കരള്‍ രോഗം” എന്നു തിരുത്തിക്കൊടുത്തതും അവള്‍ അയാളോട് പരിഭവിച്ചത്രെ!. ശരിക്കും അയാള്‍ക്കു കളര്‍ രോഗമാണ്. പച്ച ചുവപ്പും നീല മഞ്ഞയുമായി കാണുന്ന കളര്‍ രോഗം. കണ്ണടകൾ പലതും മാറ്റിനോക്കിയതാ… പക്ഷെ…

ജോലിസ്ഥലത്തെ എപ്പോഴും കൂടെയുള്ള കൂട്ടുകാരും അടിച്ചുതളിക്കാരും സെക്യൂരിറ്റി ഗാര്‍ഡുമാരും കാന്റീനില്‍ വരുന്ന മറ്റു കമ്പനികളിലെ ജോലിക്കാരുമെല്ലാം ഇടതടവില്ലാതെ അവനോടു ചിരിക്കുന്നതു കാണാം. പെണ്‍കൊടികള്‍ ഒരു കൂസലുമില്ലാതെ വട്ടംകൂടിനിന്ന് അവനെ കേള്‍ക്കുന്ന കാണാം.

ഒരിക്കല്‍ ആരോ പറഞ്ഞു: “അവന്റെ വായ്ക്കകത്ത് സാഹചര്യങ്ങള്‍ക്കനുസരിച്ച് പറയാവുന്നതരം കോടാനുകോടി ഓഡിയോ ടെംപ്ലേറ്റുകളുണ്ടെ”ന്ന്. എങ്കില്‍ ഇത്തരം ടെംപ്ലേറ്റുകള്‍ എല്ലാവരിലുമില്ലേ? മൂടിക്കെട്ടി വറ്റിവരണ്ട് അവയില്ലാതാവുന്നതല്ലേ?

പരിസ്ഥിതി ദിനത്തില്‍ ഒരുവന്‍ വീട്ടില്‍കൊണ്ടുപോയി നടാനായി ഓഫീസ് കാന്റീനിനരികില്‍ നിന്ന ഞാവല്‍ചെടി പിഴുതെടുക്കാനൊരുങ്ങിയപ്പോഴും അയാള്‍ ചിരിക്കുന്നുണ്ടായിരുന്നു. ഞാവല്‍ നടുന്നയാള്‍ മരിച്ചുപോവുമത്രെ! നടാന്‍ പോകുന്നവനെയോര്‍ത്ത് അയാള്‍ ആര്‍ത്തലച്ച് ചിരിച്ചു. പിന്നെയത് ലോകം മുഴുവന്‍ കേള്‍ക്കെ പറഞ്ഞു ചിരിച്ചു. എന്നാല്‍ തൊട്ടടുത്ത ദിവസവും ഞാവല്‍ ചെടി ആരാലും കവര്‍ന്നെടുക്കപ്പെടാതെ കാന്റീനിനരികില്‍, ഇളംപച്ച തളിരിലകളില്‍ അയാളുടെ ചാറ്റല്‍മഴയുംകൊണ്ട് നില്‍പ്പുണ്ടായിരുന്നു…

ചന്ദനമരങ്ങള്‍ നിറഞ്ഞ ചെങ്കല്‍കോട്ടയിലാണ് അയാള്‍ വളര്‍ന്നത്. കമല, സന്ധ്യ, രേവതി… പിന്നെയാണ് അയാള്‍ ജനിച്ചത്. അവസാനം അയാള്‍ തക്കാളി അണ്ണന്റെ കൂടെ ചന്ദനമരങ്ങള്‍ മുറിയ്ക്കാന്‍ പോയിതുടങ്ങി. കമലയും സന്ധ്യയും രേവതിയും പട്ടിണികിടക്കണ്ടല്ലോ! മുറിച്ചിട്ട ചന്ദനമരക്കഷണങ്ങള്‍ തലയിലേറ്റി ചെങ്കല്‍കോട്ട കടന്ന അയാള്‍ തരളിതഗാത്രനല്ല. എന്നാല്‍ ഒരിക്കല്‍, സന്ധ്യാസമയത്ത് മുറിച്ചിട്ട അവസാന തടിയുംപേറി അയാള്‍ നടക്കുകയാണ്. കാലില്‍ വുഡ്‌ലാന്‍സും പ്യൂമയുമൊന്നുമില്ല. വേച്ചുവേച്ചു നടന്ന് ലോറിക്കരികില്‍ എത്തുന്നതിനിടെ എന്തോ ഒന്ന് അവന്റെ മൂക്കില്‍ ആഞ്ഞടിച്ചു. കാലവര്‍ഷമഴയ്ക്കിടയിലെ മിന്നലില്‍ കറണ്ടുപോയതുപോലെ…പ്‌ടേങ്ങ്…

“മനുഷ്യാ നിങ്ങളെങ്ങനാ ചന്ദനം കടത്തിയേ…? നെറ്റിയില്‍ തൊട്ടിട്ടായിരിക്കും… ങ്‌ഹേ… ഹ… ഹ… ഹ…” ജയേഷ് ചിരിച്ചു. എല്ലാവരും ചിരിച്ചു. “ചന്ദനത്തിരി കാണാത്ത താനാണോ ചന്ദനതടി കടത്തിയത് ?!…” ജയേഷ് ചോദിച്ചു.

“അപ്പോള്‍ പിന്നെ എന്റെ മൂക്കിന്റെ പാലം പോയി പ്ലാസ്റ്റിക് സര്‍ജറി ചെയ്യേണ്ടി വന്നത് ?!” അയാള്‍ മൂക്കില്‍ തടവി അത് ഓര്‍ത്തെടുത്തു.
എന്നിട്ട് ഗതിമുട്ടി ഓഫീസില്‍ വച്ച് അയാള്‍ പറഞ്ഞു: “മേലില്‍ തന്നോളം അനുഭവങ്ങളില്ലാത്ത ഒരുവനോടും ഒന്നും പറയാനില്ലെ”ന്ന്!.

മിലിട്ടറിയില്‍ നിന്നും കഴിഞ്ഞ ദിവസമാണ് രാജുവേട്ടന്‍ ലീവിനു വന്നത്. വീടിനു മുമ്പിലുള്ള ഇടവഴിയിലൂടെ രാജുവേട്ടന്‍ നടന്നുവരുമ്പോള്‍ അയാള്‍ അവിടെനിന്ന് ഗോലിയെറിഞ്ഞു കളിക്കുകയായിരുന്നു. അച്ഛനുമമ്മയും കാട്ടില്‍ തടിവെട്ടാന്‍ പോയിരിക്കുകയാണ്. മൂന്നു പെങ്ങന്‍മാർ സ്‌കൂളിലും. അയാളെ കണ്ടതും രാജുവേട്ടന്‍ പറഞ്ഞു: “സന്ധ്യയ്ക്കു വീട്ടിലേയ്ക്കു വരണം…” എന്തിനാണെന്ന് അയാള്‍ ചോദിക്കാനൊരുങ്ങും മുമ്പേ രാജുവേട്ടന്‍ നടന്നു കഴിഞ്ഞിരുന്നു.

അടുത്ത ഷോട്ടില്‍ രാജുവേട്ടന്റെ വീടാണ്. കീറിപ്പറിഞ്ഞ ട്രൗസറുമിട്ട അയാളുടെ നേര്‍ക്ക് രാജുവേട്ടന്‍ ഒരു തുറന്ന സ്യൂട്ട്കേസ് മലര്‍ക്കെ കാണിച്ചു. “ഇഷ്ടമുള്ള ഡ്രസ്സ് നീ എടുത്തോ…!”

എഡിറ്റര്‍ഡെസ്‌കില്‍ മഹേഷ് പല ആംഗിളിലുള്ള സ്യൂട്ട്‌കേസ് ഷോട്ടുകള്‍ ഓരോ ഉടുപ്പും അടര്‍ത്തിയിട്ട് മുറിച്ചിട്ടു.

അതിനടുത്ത സീന്‍ ക്യാമറ ഫോക്കസ് ചെയ്തത്, സെമി ആര്‍ക്ക് നെയിം ബോര്‍ഡിലെഴുതിയ ഗവ. ലോവര്‍ പ്രൈമറി സ്‌ക്കൂള്‍ ചെങ്കല്‍കോട്ടയിലാണ്. ജിമ്മീ ജിബ് താഴേക്ക് റോള്‍ ചെയ്യുകയാണ്. സ്‌കൂള്‍ യൂണിഫോമില്ലാത്തതിന്റെ പേരില്‍ ഹെഡ്മാഷ് ഇനി അയാളെ ക്ലാസിന് വെളിയിലിരുത്തില്ല. രാജുവേട്ടന്‍ കൊടുത്ത നെടുനീളന്‍ ഷര്‍ട്ടും പാന്റും പക്ഷെ കുട്ടികളില്‍, ആദ്യം അയാള്‍ ഒരു ചിരി പടര്‍ത്തി.

“കട്ട്…കട്ട്…”

അയാള്‍ ആക്രോശിക്കുന്നുണ്ട്. മറ്റുകുട്ടികള്‍ ചിരിക്കുന്ന സീനില്‍ വേദനിക്കുന്ന ഒരു നീറ്റല്‍ ഉണ്ട്; അത് ഫ്രെയിമില്‍ കണ്ടില്ലെന്ന്…!

“സ്‌കൂളില്‍ നിന്ന് അന്ന് വേദനിച്ച ആ കൗമാരം ഡയറക്ടറുടെയാണത്രെ…! പിന്നെ ദിനംപ്രതി അഡിഡാസും റീബോക്കും പിന്നെ വലിയ ബ്രാന്‍ഡ് വാച്ചുകളും ധരിക്കുന്ന അയാളുടെയാണത്രെ ഈ അനുഭവങ്ങള്‍…. തള്ളാണ് നല്ല ഒന്നാന്തരം തള്ള്. ഹ… ഹ… ഹ…”

ലൈറ്റ്‌ബോയ് പ്രമോദ് പറഞ്ഞു ചിരിക്കുകയാണ്.

sijomjohnson@gmail.com

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s