രണ്ടാം നമ്പർ തേയില

By Deepu Mampally

കാർ നിന്നു .

” ഇവിടെയൊരു മലയുണ്ട് , മലയെ തുരന്ന് പോകുന്ന തുരങ്കവും .വർഷങ്ങൾക്ക് മുൻപ് ബ്രിട്ടീഷ്കാർ പണിതിട്ട് പോയ റെയിൽ പ്പാലവും .
നമുക്കത് കണ്ടിട്ട് പോകാം ”

അയാൾ പറഞ്ഞു നിർത്തി പിന്നെ ഓരോരുത്തരും ഇറങ്ങുന്നതിനായി കാത്തുനിന്നു .

അതിനിടക്ക് അവിടെ കണ്ട കറുത്ത മനുഷ്യരോട് അയാൾ എന്തൊക്കൊയോ പറഞ്ഞു വെളുക്കെ ചിരിക്കുന്നുണ്ടായിരുന്നു .

ഞങ്ങൾ മുകളിലേക്ക് കയറാൻ തുടങ്ങി .ഒരാൾക്ക് മാത്രം കടന്നു പോകാവുന്ന വഴിയിലൂടെ ഞങ്ങൾ പതിയെ നടന്നു .മരങ്ങളുടെ വിശാലത ഞങ്ങളെ ചൂഴ്ന്നു നിന്നു . വളവു തിരിഞ്ഞുള്ള ഒരു കയറ്റം കയറിചെന്നപ്പോഴാണ് ആദ്യമായി ആ കാഴ്‌ച കണ്ണിലേക്ക് കയറി വന്നത് .

നീണ്ടുയർന്നു കിടക്കുന്ന ഒരു കൂറ്റൻ മല , അതിന്നു നടുവിലായി ഒരു ഭീമൻ വായ പോലെ തോന്നിക്കത്തക്ക തരത്തിൽ തുരന്നുള്ളിലേക്ക് പോകുന്ന തുരപ്പ് .ചളി വെള്ളത്തിൽ ചവിട്ടാതെ ഞങ്ങൾ ആ പാറയുടെ മുഖത്തെത്തി .കരിങ്കൽ പാളികൾ വെറും കൈകൾ കൊണ്ട് കൊത്തി കൊത്തി തുരന്ന് പോകുന്ന ശ്യാമ നിറത്തിലുള്ള അടിമകളുടെ ആത്മാക്കൾ ഇപ്പോഴും അവിടെയുണ്ടാവണം .അവർ ഞങ്ങളെ കണ്ട് ചിരിച്ചിട്ടുണ്ടാവും .

ഒരു പക്ഷെ അവർ ഇങ്ങനെ പറഞ്ഞിട്ടുമുണ്ടാവും :-

” വർഷങ്ങൾക്ക് മുൻപ് , കാതങ്ങളോളം പണിയായുധങ്ങളും ചുമന്നു ഇവിടെ നടന്നെത്തി ഈ കരിങ്കൽ ഗുഹ തുരക്കുമ്പോൾ കുട്ടികളെ ..നിങ്ങൾ ഈ ഭൂമിയിൽ ഉണ്ടായിരുന്നില്ല .അനാദിയായ പ്രപഞ്ചത്തിന്റെ എതങ്കിലുമൊരു കോണിൽ അസംസ്കൃത വസ്തുക്കളായി കിടക്കുകയായിരുന്നിരിക്കണം കാലങ്ങൾക്ക് ശേഷം , ഇപ്പോൾ ഇവിടെയെത്തി നിൽക്കുമ്പോഴും കുഞ്ഞുങ്ങളെ ! ഞങ്ങൾ ചെയ്‌തതിനപ്പുറം ഒരു വരി പോലും ചേർക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലല്ലോ .. എഴുതിയവ മായ്ച്ചു കളയുവാനല്ലാതെ നിങ്ങൾക്കൊന്നിനുമാവുന്നില്ലല്ലോ .”

ഇരുട്ട് വീണു കിടന്ന തുരങ്കത്തിനകത്തു കൂടെ ഞങ്ങൾ അപ്പുറത്തെത്തി .മുകളിൽ മലയിടുക്കിൽ വളർന്നു നിൽക്കുന്ന പുൽച്ചെടികൾ അതിനിടയിലൂടെ കണ്ണീരുറവ പോലെ താഴേക്കൊഴുകുന്ന ജലം .

ഉച്ച വെയിലിന്റെ കനം കൂടി വന്നു .ഞങ്ങൾ തിരികെയിറങ്ങി കാറിനുള്ളിലെ തണുപ്പിലേക്ക് വന്നിരുന്നു

“ഇനിയാണ് യഥാർത്ഥ യാത്ര ; മലമുകളിലേക്ക് ” കൂട്ടത്തിൽ ആരോ പറഞ്ഞു വെച്ചു .
കണ്ട് പരിചയിച്ചതിലുമൊക്കെ വളരെ ചെറിയ റെയിൽവേ സ്റ്റേഷനടുത്തു വെച്ച് വഴി ഇടത്തോട്ട് തിരിഞ്ഞു പിന്നെ ഉയർന്നുയർന്നു പോകുന്ന കുന്നിൻ ശിഖരങ്ങളിലേക്കെത്തുവാൻ മനുഷ്യർ വെട്ടി വെച്ച വളഞ്ഞ വഴികൾ !
അതിലൂടെ കാർ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു .

പാതയ്ക്കിരുവശവും റബർ മരങ്ങൾ , വഴിക്കു വെച്ചയാൾ പുറത്തേക്ക് കൈ ചൂണ്ടിയൊരു വലിയ കൽക്കെട്ടിലേക്ക് നോക്കി പറഞ്ഞു :-

” അതാ ആ കാണുന്നത് ഒരു ശവകുടീരമാണ് ! പണ്ടിവിടെ റബ്ബർ തൈകൾ നട്ട വെള്ളക്കാരന്റേത് .”

ശവകുടീരങ്ങളിലേക്ക് വിനോദയാത്ര ! യാതൊരു തരത്തിലുള്ള അനഭിലഷണീയതയും തോന്നാതെ , എന്തോ കൗതുകവസ്തു കണ്ടതുപോലെ ഞങ്ങൾ ചിരിച്ചു , പിന്നെ ആനന്ദിച്ചു .!

” മരണത്തിന്റെ നിശ്ചലതയെ പുണർന്നു അതിനുള്ളിൽ കിടക്കുന്ന വെളുത്ത ദേഹം ഞങ്ങളെ കണ്ട് കാണുമോ എന്തോ ?”

വക്രിച്ച വഴികൾ മുകളിലേക്ക് പൊയ്ക്കൊണ്ടിരുന്നു കുറേയെത്തിയപ്പോൾ റബ്ബർ കാടുകളുടെ യാന്ത്രികത മാറി തേയില ചെടികളുടെ പൂരിത ഗന്ധം വഴിയിൽ നിറഞ്ഞു .

മുകളിലെത്തുമ്പോൾ നമുക്ക് മുന്നിൽ അടഞ്ഞു കിടക്കുന്ന ഗേറ്റ് .വഴി മുടക്കി നിൽക്കുന്ന Kകാവൽക്കാരൻ .അതിനപ്പുറം തേയില ചാക്കുകളുമായി നടന്നു നീങ്ങുന്ന സ്ത്രീകൾ .കോട്ടും , ബർമുഡയും ധരിച്ചു അങ്ങോട്ടുമിങ്ങോട്ടും വെറുതെ നടക്കുന്ന എസ്റ്റേറ്റ് മാനേജർമാർ

കാത്തിരിപ്പിനൊടുവിൽ നിങ്ങളുടെ മുന്നിൽ ഗേറ്റ് മലർക്കെ തുറക്കപ്പെട്ടു .കാർ പിന്നെയും മുന്നോട്ട് തേയില ഫാക്ടറിയുടെ മുന്നിൽ കാർ നിന്നു .

ഇരുമ്പഴികൾക്കപ്പുറം കൂറ്റൻ കെട്ടിടത്തിനുള്ളിൽ നുള്ളിയെടുത്ത തേയിലകൊളുന്തുകൾ സംസ്കരിക്കുന്നു .

തേയില വാങ്ങാൻ വേണ്ടി മാത്രം ഞങ്ങൾ അകത്തു കടന്നു .

പാലകവാതിലിനു മുകളിൽ Tea Sales എന്ന് വടിവില്ലാത്ത അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നു .നെ ര വു വാതിലുകളുടെ പലകകൾ എടുത്ത് മാറ്റികൊണ്ടൊരു പെൺകുട്ടി ഞങ്ങളെ നോക്കി പ്രസാദാത്മകമായി ചിരിച്ചു .

ഞങ്ങളെല്ലാവരും ചിരിച്ചു .

തേയില പാക്കറ്റുകൾ ഞങ്ങൾക്ക് മുൻപിൽ നിരത്തി അവൾ സംസാരിച്ചു തുടങ്ങി .

എസ്റ്റേറ്റ് ന്ടുത്തുള്ള ഏതോ ഒരു വീട്ടിലെ കരിപുരണ്ട അടുക്കളയിൽ , രണ്ടാം നമ്പർ തേയില തിളപ്പിക്കുന്ന ഒരു പെൺകുട്ടിയുടെ അവ്യക്ത ചിത്രം നമ്മുടെ മനസ്സിലേക്ക് തികട്ടി വന്നു .

തേയില ചാക്ക് ചുമന്നു കടന്നു പോയ സ്ത്രീകൾ ,ബർമുഡ ധരിച്ച മാനേജർമാർ , ഗേറ്റുവക്കിലെ കള്ളിമുണ്ടുടുത്ത അയ്യാ സ്വാമിയെന്ന സെക്യൂരിറ്റി .ഇവർക്കാർക്കും നല്കാനാവാത്തയെന്തോ ഒന്ന് ഈ പെൺകുട്ടിയിൽ ഉള്ളത് പോലെ .ഞങ്ങൾ കണ്ട കാഴ്ചകളിൽ നിറങ്ങൾ കൂടി കലർന്ന് കിടക്കുന്നു .ഇപ്പോഴിതാ അതെല്ലാം ഒരുമിച്ചു ചേർന്ന് ധവള നിറം ചുരത്തി ഞങ്ങൾക്ക് മുൻപിൽ നിൽക്കുന്നു .

തിരികെ നടക്കുമ്പോൾ പുറകിൽ നെ ര വ് പലകകൾ ചാരി അടക്കുന്നതിന്റെ താളാത്മകമല്ലാത്ത ഒച്ച !.

ഗേറ്റിനു പുറത്തെത്തി തിരികെ നോക്കുമ്പോൾ ഉയർന്നു നിൽക്കുന്ന ഫാക്ടറി മാത്രം കണ്ണിൽ മുഴച്ചു നിന്നു .

കാർ അപ്പോഴേക്കും മലയിറങ്ങി തുടങ്ങിയിരുന്നു .

**********************************************

2014 ഇൽ കൊല്ലം ജില്ലയിലെ തെന്മലക്കടുത്തുള്ള അമ്പനാട് എസ്റ്റേറ്റ് ലേക്ക് പോയ ചില മങ്ങിയ ഓർമ്മകൾ ..

deepumampally@gmail.com

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s