ഒ. വി. വിജയന്‍ അനുസ്മരണം

2015 ജൂണ്‍ 18 ന് സൗത്ത് ഇന്ത്യ ക്ലബ് ഹാളില്‍ വച്ച് ഒ. വി വിജയന്‍ അനുസ്മരണം നടത്തി. കൊല്‍ക്കത്ത കൈരളി സമാജവും ഒ. വി വിജയന്‍ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണം, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും ഒ. വി വിജയന്‍ ഫൗണ്ടേഷന്‍ സെക്രട്ടറിയുമായ എം. ചന്ദ്രപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. എം. ചന്ദ്രപ്രകാശ് രചിച്ച ‘ഒ. വി വിജയന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ഒ. വി വിജയനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ചടങ്ങില്‍ വച്ചു നടന്നു. ജോഷി ജോസഫ് ചടങ്ങില്‍ അതിഥിയായി.

ഒ. വി വിജയന്‍ – ജീവിതരേഖ

മലയാളഭാഷയില്‍ പുതുഭാവുകത്വം പകര്‍ന്ന ശ്രദ്ധേയനായ എഴുത്തുകാരനാണ് ഒ. വി വിജയന്‍ (2. 7. 1930 – 30. 3. 2005). ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്നാണ് മുഴുവന്‍ പേര്. 1969 ല്‍ പ്രസിദ്ധീകരിച്ച ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവല്‍ മലയാളസാഹിത്യം അതുവരെ ശീലിച്ച ഭാഷയെ മാറ്റിയെഴുതുകയും അനുവാചക നിരൂപക ശ്രദ്ധ സമൃദ്ധമായി നേടുകയും ചെയ്തു. കാര്‍ട്ടൂണിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ തുടങ്ങിയ നിലകളില്‍ ഏറെ സംഭാവനകള്‍ നല്‍കിയ ഒ. വി വിജയന്‍ ലോകമാകെ അറിയപ്പെടുന്ന ഇന്ത്യന്‍ എഴുത്തുകാരന്‍ കൂടിയാണ്. കടല്‍ത്തീരത്ത് എന്ന ചെറുകഥ ഏറെ ശ്രദ്ധേയം.

ധര്‍മ്മപുരാണം, ഗുരുസാഗരം, പ്രവാചകന്റെ വഴി, മധുരം ഗായതി, തലമുറകള്‍ എന്നിവയാണ് നോവലുകള്‍. ഒട്ടേറെ കഥാസമാഹാരങ്ങളും ലേഖനസമാഹാരങ്ങളും കാര്‍ട്ടൂണ്‍ സമാഹാരവും പ്രസിദ്ധീകൃതമായിട്ടുണ്ട്. ഖസാക്കിന്റെ ഇതിഹാസം, ‘ദി ലെജന്റ്‌സ് ഓഫ് ഖസാക്ക്’ എന്ന പേരില്‍ ഒ. വി വിജയന്‍ സ്വയം ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചു.