അക്ഷരപ്പൂക്കളം

ഫോക്‌ലോർ

By Sooraj T R

പണ്ട് , കണ്ടാണശ്ശേരിയിലെ തെങ്ങുകൾ ചെത്തുകാരന് മുന്നിൽ തല വളച്ചുകൊടുത്തിരുന്ന ആ കാലം.. ഒരു ദിവസം വട്ടമ്പറമ്പിൽ വേലപ്പൻ കുന്നംകുളത്തിന് അടയ്ക്ക വിൽക്കാൻ പോയി തിരിച്ച് വരികയായിരുന്നു. സമയം നന്നേ വൈകി. മകനൊരു കുപ്പായം തുന്നിക്കാൻ തുണിയൊക്കെ വാങ്ങിയാണ് വരവ്. വില്ലുവണ്ടിപ്പാതയിൽ നിന്ന് അയാൾ തെങ്ങിൻ ത്തോപ്പിലേക്ക് കയറി. മണൽമണ്ണിൽ ചവിട്ടി ഏറെ നീങ്ങിയില്ല, ഒരു പതിനെഞ്ചു തെങ്ങിനപ്പുറം , ഇരുട്ടിൽ ഒരു രൂപം കാണാനായി. ഒരു കൂറ്റൻ നായ!! നെഞ്ചിനൊപ്പം ഉയരം വരും. അതിന്റെ നേരിയ മുരൾച്ച ഈ അകലത്തിലും കേൾക്കാം.
ഒടിയനാണ് മുന്നിലെന്ന് വേലപ്പന് മനസിലായി. ചാവക്കാട്ടെ മാപ്പിളമാർ കച്ചവടത്തിൽ വെല്ലാനാവാത്തതിന്റെ പക പോക്കുന്നതാവാം. വേലപ്പൻ ചുറ്റും നോക്കി. ഒരു കൈതക്കൂട്ടം കണ്ടു. ഉടനെ പോയി രണ്ടു കൈതോല കീറിയെടുത്തു. കൈതത്തടത്തിൽ കിടന്നിരുന്ന കരിഞ്ചാത്ത ചീറിയടുത്തു. വേലപ്പൻ അതിനെ കാൽപ്പാദം കൊണ്ട് കോരിയെറിഞ്ഞു (വട്ടമ്പറമ്പിലുക്കാർക്ക് സർപ്പവിഷം ഏൽക്കില്ല. മറ്റൊരു കഥ).
കീറിയെടുത്ത കൈതോലകൾ പിണച്ചുകെട്ടി വേലപ്പൻ നായയുടെ നേരെ ചെന്നു. അത് രൂക്ഷമായി മുരണ്ട് വാലും വിറപ്പിച്ച് നിലകൊണ്ടു. വേലപ്പൻ കൈതോല വീശി. നായ മനുഷ്യസ്വരത്തിൽ കരഞ്ഞു. കൈതോല വായുവിൽ തലങ്ങും വിലങ്ങും വീണു. നായ മണ്ണിൽ കുഴഞ്ഞുവീണു. വേലപ്പൻ കൈതോല താഴെയിട്ട് വീട്ടിലേക്ക് നടന്നു. പത്തടി നടന്നിട്ട് എന്തോ ആലോചിച്ചുറപ്പിച്ച് അയാൾ ഒരുപിടി പൂഴി വാരി പിന്നോട്ടെറിഞ്ഞു. എന്നിട്ട് ഇപ്രകാരം പറഞ്ഞു, “ഈ മണ്ണ് നിനക്ക് നിഷിദ്ധം. ഈ മണ്ണിൽ വിളയുന്നതും നിനക്ക് നിഷിദ്ധം.”
ഈ കാരണത്താലാണത്രേ നായകൾ ഉജാല* കലക്കിയ വെള്ളംകുപ്പികൾ കാണുമ്പോൾ അടുക്കാത്തത്.
*———*
* ഉജാല കമ്പനി കണ്ടാണശ്ശേരിയിലാണ്.

str6073@gmail.com

കവിത- കാലചക്രം

By അനുജ ഗണേഷ്

രാവിരുണ്ടതും മറവി-
എഴാം ഉലകം വെടിഞ്ഞീവഴി
തിരിക്കതിരിഞ്ഞുനടന്നതും,
എന്നോ നിഴലുപതിനാറായി
പിരിഞ്ഞോരീസാലം തൻ –
ഉയിർവെടിഞ്ഞൊരു ചെറു
വിത്തിൽ ചേക്കേറിയതും
ഉള്ളിലൂറിയ കണ്ണുനീർത്തുള്ളി
ഒഴുകിയിറങ്ങിയീ മൺമെത്തയിൽ
ചെറു നീർത്തടം തീർക്കുന്നിതാ,
കാലവും കർണ്ണികാരവും
പതിവ് തെറ്റിക്കുന്നില്ലൊരുനാളും
തനിയാവർത്തനങ്ങളിവിടെ
തിരിഞ്ഞും മറിഞ്ഞും,
ഒളിഞ്ഞും തെളിഞ്ഞും
പിറവികൊള്ളുന്നുണരുന്നു-
യിരേകി മറയുന്നു
ഒരേ ചിത്രങ്ങൾ ഓർമതൻ താളുകളിൽ
മറിച്ചും തിരിച്ചും വായിക്കിലും നിത്യം..

anuja421@gmail.com

കവിത- ഉയിർത്തെഴുന്നേൽപ്പുകൾ

By അനശ്വര കൊരട്ടിസ്വരൂപം

ഒരിക്കൽ കാലഹരണപ്പെട്ട മുറിവുകളുടെ തോട്ടത്തിൽ
നമുക്ക് മുഖാമുഖം നിൽക്കേണ്ടി വരും
വെറുപ്പുകളൂം ഈറയും മാറ്റിവയ്ക്കപ്പെട്ട്
ഉടലുകളുടെ സാമൂഹിക നിയമങ്ങളുടെ
കെട്ടുപാടുകൾ മറവിയിലേക്കു കടം കൊടുത്തുകൊണ്ട്
നമ്മൾ വിറങ്ങലിച്ച മനുഷ്യരായി നില കൊള്ളും
ഞാൻ നിനക്ക് തന്നതും നീ എനിക്കു തന്നതുമായ
എല്ലാ മുറിവുകകളും കണക്കുകളിൽ രേഖപ്പെടുത്തും

ശരി തെറ്റുകൾ നിർണയിക്കുന്ന അളവുകോലുകൾ
നമുക്കിടയിലെ സമവാക്യങ്ങളെ തെറ്റെന്നു വിധിക്കും
എന്റെ ഭൂതകാലത്തെ വലിയ തെറ്റുകളുടെ രേഖയുമായി
പാതാളത്തോളം താഴ്ന്ന ശവക്കല്ലറകളിലേക്ക് എന്നെ ആഴ്ത്തും
ഭൂതകാലമില്ലാത്ത പുരുഷൻ എന്ന മട്ടിൽ നിനക്ക്
സ്വാതന്ത്ര്യങ്ങളുടെ ചിറകു ലഭിക്കും

മുറിവുകൾ എണ്ണുക കൂടി ചെയ്യൂ എന്നു ഞാൻ കേണു പറയും
മുറിവേൽക്കുക എന്നത് മാത്രമാണ് സ്ത്രീ എന്നു പറഞ്ഞു
അവർ തീന്മേശക്കരികിലേക്കു നിന്നെ നയിക്കും

അവിടെ ഒരു വെള്ളിത്താലത്തിൽ എന്റെ ചോരയും മാംസവും !!!
നീ ഉയിർത്തെഴുന്നേൽക്കപ്പെടേണ്ടവനാകുന്നു!!
എന്റെ മുറിവുകളിൽ നിന്നും ഉയിർത്തെഴുന്നേൽപ്പെടേണ്ടവൻ

anaswara.k@eraminfotech.in

കവിത- നീയൊരു നഷ്ടം!

By Tony Thomas

മുഖമിരുണ്ട ദിനങ്ങളിലെല്ലാം
മൂകമായ് ഞാൻ കേഴുന്നകേൾക്കേ,
സൂര്യനായ് നീ മുകളിൽ തെളിഞ്ഞു!
വീര്യമായി ഉയിരിൽ നിറഞ്ഞു!

സുഖമില്ലെന്ന കാരണമോതി
ഏകനായ്ഞാനിരിപ്പതു കാൺകെ,
കാര്യമറിയാൻ കാതുമായ് വന്നു,
ധൈര്യമേകി കൂടെ നീ നിന്നു!

നെഞ്ചിൽ പൂത്തൊരാനൊമ്പരപ്പൂക്കൾ
കൊഞ്ചലോടെ നീ വന്നിറുത്തു!
“നിന്റെ വാടിയിൽ ഞാനുണ്ടുപൂവായെ”-
ന്നെന്റെ കാതിൽ മധു നീ പകർന്നു!

നീറ്റലുള്ളിൽ നിറച്ച ചൂടിൽ
ചാറ്റൽമഴയായ് നീ വന്നണഞ്ഞു!
“നിന്റെ മാനത്തു ഞാനാണുമുകിലെ”-
ന്നെന്റെ മണ്ണിൽ മാരി ചൊരിഞ്ഞു!

അന്നുനാമൊരുമിച്ചാ തണലിലിരിക്കെ
ചൊന്നുനീ, ഇരുകരവും കവർന്ന്:
“കാതുകൾ രണ്ടുണ്ടെനിക്ക,തിലൊന്ന്
നിന്നെ കേൾക്കുവാൻ ഉള്ളതാണെ”ന്ന്!

“ധൈര്യമായ് പറയൂ, ശങ്കിക്കവേണ്ട!
തെറ്റുകളെങ്കിൽ തിരുത്താം ഞാനെ”ന്ന്!
“മൂടിവയ്ക്കേണ്ട, മടി കരുതേണ്ട,
എല്ലാം നിനക്കെന്നോടായ് പങ്കിടാമെ”ന്ന്!

ശ്രോതാവു സിദ്ധിച്ച ഭാഗ്യമറിഞ്ഞ്
വാചാലമായി എന്റെ മൗനങ്ങൾ!
തോന്നിത്തുടങ്ങി,യീ ഭൂവിലെനിക്ക്
അർത്ഥമെന്തേതോ കൈവരുന്നെന്ന്!

കാര്യമായി ഞാൻ പറഞ്ഞതിൽ പലതും
കളിയായേ നീ കരുതിയിട്ടുള്ളൂ!
കളിയായി ഞാൻ ചെയ്തവയെല്ലാം
കളിയാക്കിയേ കളഞ്ഞിട്ടുമുള്ളൂ!

അറിയില്ലെനിക്കിന്നും എന്തുകൊണ്ടെന്ന്
പൊടുന്നനെ നീയങ്ങനെ ചൊല്ലിയതെന്ന്!
അന്യൻ പടയ്ക്കുന്ന അപവാദവാതം
അനന്യയാം നിന്നെ ഉലച്ചതെന്തെന്ന്!

നിനക്കെന്നപോലെയീ ഭൂവിൽമറ്റാർക്കും
ഞാനെന്ന കള്ളം അറിവതില്ലല്ലോ!
കള്ളൻ ഞാൻ! എന്നോ ഉള്ളുതുറന്നതു
നിന്നോടൊ, രുകള്ളം തിരുത്തുവാനല്ലോ!

എന്നിട്ടുമെന്തിനോ പോയി നീ പാവം
എന്നെയെന്തിനോ തിരസ്ക്കരിച്ചേവം!
നിത്യമിത്രമെന്നുറച്ച വ്യക്തിയെ
സത്യമത്രമേൽ നോവിച്ചുവെന്നോ?

പകൽ പോയാൽ വരും പിന്നാലെ
പകയെന്നപോൽ രാവുനിശ്ചയം!
ഉയിർത്തിട്ടുവീണ്ടുമാദിത്യനെന്നപോൽ
തിരികേവരുമോ നമ്മുടെ വസന്തവും?

നഷ്ടമായെങ്കിലും സ്പഷ്ടമായ്ചൊല്ലാം ഞാൻ:
“നഷ്ടമേ, ഇന്നും ഇഷ്ടപ്പെടുന്നു ഞാൻ!”
നഷ്ടമായെങ്കിലും സ്പഷ്ടമായ്ചൊല്ലാം ഞാൻ:
“നഷ്ടമേ, എന്നും ഇഷ്ടപ്പെടുന്നു ഞാൻ!”

tonykkdl@gmail.com

കവിത- പുനർജ്ജനി

രചന: ദിനീഷ് വാകയാട്

ശാന്തിമന്ത്രങ്ങൾ
പകർന്നെന്റെ ഗാന്ധി
നയിച്ചീ ജനതയെ കൊഴിഞ്ഞു
വീഴും വരെ…!

മോഹം വളർത്തി ജനത്തിൻ
ഹൃദന്തത്തിൽ, സ്വാതന്ത്ര്യ മോഹം
വളർത്തീ… ഓരോ അണുവിലും…!

ജീവിതം ഹോമിച്ചെനിയ്ക്കും
നിനക്കുമായ്, ആംഗലേയക്കാർ തൻ
കെട്ടു കെട്ടിയ്ക്കുവാൻ…!
വൈവിധ്യ ജീവിതപ്പാതകൾ
തുടർന്നർദ്ധ നഗ്നനാം
ഫക്കീറായ്
ജീവിച്ചിരുന്നൊരാൾ…!

നന്മതൻ പാതകൾ മാത്രം തിരഞ്ഞൊരാൾ…!
അഹിംസയെന്നൊരു മന്ത്ര
ധ്വനിയുണർത്തിച്ചൊരാൾ..!

ഗോഡ്സേതൻ വിരൽത്തുമ്പിനാൽ
തീർന്ന മഹാപ്രഭോ
അങ്ങേയ്ക്കിതാ
പുനർജനിയ്ക്കു സമയമായ്!

ഇന്നിവിടെങ്ങും
വിരാജിയ്ക്കുന്നു
ഗോഡ്സെകൾ താണ്ഡവമാടി…
മറന്നൂ മാതാ പിതാക്കളെ
സഹോദരങ്ങളെ,
മറ്റാത്മ ബന്ധങ്ങളെ..!

മൂഢാന്ധകാരഭ്രമത്തിൽ
ശയിയ്ക്കുന്നൊരിന്ത്യയെ
യിന്നു കരകയറ്റീടുവാൻ
നിൻ ജന്മ നാളിൽ ഞാ-
നാശിച്ചു പോയ് നിൻറെ
പുനർജനിയ്ക്കായിന്നു
പ്രാർത്ഥിച്ചു പോയ്…!

dineeshvakayad@gmail.com