2 കവിതകള്‍

By ഗിജി ശ്രീശൈലം

ആരെന്ത് പറഞ്ഞാലും…

അരുതെന്ന് പറഞ്ഞാലും
ആ വേദന അവനില്‍
നിറഞ്ഞുനില്‍ക്കും.

ഓര്‍മ്മകളില്ലെന്നു പറഞ്ഞാലും
അതവനെയെന്നും
അലട്ടിക്കൊണ്ടിരിക്കും.

സ്വന്തബന്ധങ്ങളില്ലെന്നു
പറഞ്ഞാലും
അതവനില്‍
ശൂന്യതയായവശേഷിക്കും.

അതുകൊണ്ടുതന്നെയാവാം
വഴിയരികില്‍
വണ്ടിതട്ടിക്കിടന്ന
അവളുടെ ജഡത്തിനവന്‍
കാവല്‍ നിന്നത്…!

ആരും തിരിഞ്ഞുനോക്കി-
ല്ലെന്നറിഞ്ഞിട്ടും
നിര്‍ത്താതെ
കുരച്ചുകൊണ്ടിരുന്നതും…!

*********************
മൌനം

ജാതിയുടെയും
ഉടുപ്പിന്‍റെയും
സമയത്തിന്‍റെയും
കളങ്ങളില്‍
നിന്‍ മാനത്തെ അളന്നുവെച്ചവര്‍,
വേദനയാല്‍ പുളഞ്ഞ് നീ
ആര്‍ത്തലയ്ക്കുമ്പോഴും
ചെറുഞെട്ടല്‍ പോലുമില്ലാതെ
സ്വയം തീര്‍ത്ത മതില്‍ക്കെട്ടിനകത്ത്
അളവുകളും അതിരുകളും
ചികയുകയായിരുന്നു.

 

gijisrisylamnc@gmail.com

കവിത- ഇരുട്ട്

By അമൃത കേളകം

വെളുപ്പിന്റെ കുപ്പി നിലത്തുവീണുടഞ്ഞപ്പോ
കുതിച്ചു് മേലേക്ക് പൊന്തിയത്
പോകുന്നേടത്തെല്ലാം വിളക്ക് തൂക്കി ,
ജനാലകളടച്ചു് ,
അടുപ്പുകെടുത്തി
കഞ്ഞീം കറീം വെളമ്പി കളിക്കുന്നത്
കോലായിലെ നിലവിളക്കിനെ
കരിന്തിരി കത്തിക്കുന്നത്
മുത്തശീടെ രാമായണം തുറക്കുന്നത്
മടിയനൊരേട്ടന്റെ ‘വീട്ടുവേല’കളെ
നെലോളിപ്പിക്കുന്നത്
അച്ഛന്റെ ‘കണക്കു’പുസ്തകം
അമ്മക്ക് മുന്നിൽ തുറന്നിടുന്നത്
പത്രാസുകാരി ചേച്ചിപ്പെണ്ണിന്റെ
തലയിലെ പേൻപെറുക്കുന്നത്
ടി.വി.ക്കുള്ളിൽ കത്തിവേഷങ്ങളെ
തട്ടിവിളിച്ചുണർത്തുന്നത്
അങ്ങനെ..അങ്ങനെ..
വടക്കനമ്മാമന്റെ കിറുക്കിനെ
അമ്മായീടെ മുതുകിൽ പതിപ്പിച്ചത്
കഴുത്തിൽ മറുകുള്ള ജാനകീടെ വയറ്റിൽ
‘തടിപ്പി’നെ ഇട്ടുപോയത്
പടക്കുതോറ്റ മിന്നാമിനുങ്ങിനെ
കറന്റുകെടുത്തി ‘കൂട്ടുകൂടാൻ’ സഹായിച്ചത്
വേലത്തരങ്ങള് കണ്ടുമടുത്ത്
ഒടുക്കം ,
വയറ്ചൊരുക്കി
വെളുപ്പിനെ പുറത്തേക്ക് ഛർദിച്ചു്
മുങ്ങിച്ചത്തുപോയത്
പാവം…!

amrutha4one@gmail.com

കവിത- വ്യാമോഹം

By അജിത. എസ് .നായർ

ഒരു കുഞ്ഞു പൈതലായ് അമ്മ തൻ
മടിത്തട്ടിൽ മയങ്ങാൻ മോഹം
കുയിലിന്റെ മധുഗാനം ശ്രവിച്ചു കൊണ്ടൊരു
സ്വരമെങ്കിലും മൂളാൻ മോഹം
പൂമ്പാറ്റ പോൽ വർണ്ണച്ചിറകു വിടർത്തി വിഹായസ്സിൽ പറക്കാൻ മോഹം
പുഷ്പവനത്തിൽ വിളങ്ങി നിൽക്കുന്നൊരു
പുഷപ റാണിയായ് തീരാൻ മോഹം
എങ്ങോ നഷ്ടപ്പെട്ട ബാല്യ സ്മരണയിൽ
ഉല്ലസിക്കാനൊരു മോഹം
പുലർകാല സൂര്യന്റെ കിരണങ്ങളേറ്റു
പുളകമണിഞ്ഞു നിൽക്കാൻ മോഹം
പുൽത്തലപ്പിൽ വെട്ടിത്തിളങ്ങും മഞ്ഞു –
തുള്ളി കൈക്കുമ്പിളിലെടുക്കാൻ മോഹം
അലസമായ് വീശുന്ന മന്ദമാരുതന്റ
ആശ്ലേഷത്തിലമരാൻ മോഹം
യൗവന സ്വപ്നത്തിൻ മായാ വിമാനത്തിൽ
മേവുന്ന പ്രണയിനിയാവാൻ മോഹം
അസ്തമയ സൂര്യന്റെ ചെങ്കിരണങ്ങളേറ്റു
വെറുതേ നടക്കാൻ മോഹം
ഈ വക മോഹങ്ങൾ പാഴെന്നറിഞ്ഞിട്ടും
വെറുതേ മോഹിക്കാൻ മോഹം

ajisnair@yahoo.com

Poem- The Mistress Full Moon

By Greeshma Mathews

Before I felt the touch of your sacred thread,
Rain meant cool nights, scary winds that
Whistle throughout the night. I used to watch each
& every drop falling from heights during my
Spinster days, assigning them names &
Sharing my weird thoughts.

It has changed now; I did not know it was
Raining heavily, yesterday. Felt surprised,
How could I miss the rains?
Moist leaves in the courtyard were
Looking to my eyes expecting an answer.
It was not to reveal.

The trees were still green and sky was still blue.
But I could not withstand with the morning
Breeze as yesterday I found my secret abode.
Craving warmth, we defrost into one;
I hear no roaring seas, and piercing rain,
As I was made deaf and dump.
Bloomed and withered countless times.
Found myself in a giant wheel in great heights.
Crushed marigold and wild orchids blushed in crimson.

Though we walked miles and miles, found
It no weary. Forest was thick & enticing.

I was then unaware that I will throw
Twelve gems from my womb
Mercilessly to observe my duty
As a wife in future.

Children, Forgive your mother.
Scholar was your father, yet failed
In a worthless battle with fate.
He expertise over the philosophies &
Fell abortive in riddles of life.

Pleading to have mercy upon your
‘so-called’ father & mother
I closed my ears as I often hear whimpering
From my mouth-less infant, the last gem.

Years later, our curse was broken,
Found us standing with our abandoned gems.
His eyes was filled with water &
Touched my wound, he once made.
We stood with admiration, adjacent to the
Twelve clans & found moonlight in glory.

greeshmamathews@icloud.com

കവിത- അയാളും ഞാനും

By പി.എസ്. അനൂപ്

അയാളും ഞാനും
ഒരേ ബസ്സിൽ ഒരേ സീറ്റിൽ
ഒരേ കാറ്റ് ഒരേ ചുവപ്പ് ഒരേ സന്ധ്യ
ഞാൻ പണപ്പെട്ടിയുടെ കാവൽക്കാരൻ
അയാൾ പണപ്പെട്ടിയുടെ വിൽപ്പനക്കാരൻ
പൊടി മണക്കുന്ന കാറ്റിൽ പറക്കുന്ന ഒരു പ്ലാസ്റ്റിക് കവർ
അത് ഞാനാണോ? അല്ല ഞാനിവിടെയല്ലേ.

പ്ലാസ്റ്റിക് കാർഡ് വാഹകരുടെ നീണ്ട നിര
കൈയിൽ പലതരം കാർഡുകൾ
പല നിറം, പക്ഷേ ഒരേ മുഖം; നിർവ്വികാരഭാവം
ഇവിടെ കാറ്റിലും പൊടി മണക്കുന്നുവോ?
അല്ല പൊടിയല്ല, പണം. അതും മണക്കുന്നുണ്ടല്ലോ കുറേ
നിശബ്ദത തളം കെട്ടി നിൽക്കുന്ന പകലുകൾ.

നാളെയാണ്,നാളെയാണ്, നാളെയാണ്….
ഭാഗ്യദേവത നിങ്ങളെ മാടിവിളിക്കുന്നു, മാടിവിളിക്കുന്നു…..
എന്റെ ശബ്ദം മാത്രം കേൾക്കുന്ന പകലുകൾ
അതങ്ങിനെയല്ലേ പാടുള്ളൂ, എനിക്കും ജീവിക്കണം.
വിങ്ങിയ ശ്വാസനാളത്തിലേക്ക് ഒരൽപ്പം ചൂടുചായ
ഹാ!! എന്തൊരാശ്വാസം.

ബസ്സിൽ അപ്പോഴും നല്ല തിരക്കായിരുന്നു
അതൃപ്ത മനുഷ്യമനസ്സുകളുടെ വിഴുപ്പു ഗന്ധം
ഞാനെന്തോ ചോദിച്ചു, അയാളെന്തോ പറഞ്ഞു
ചിലക്കാൻ കൊതിക്കുന്ന മനസ്സോടെ ഞാൻ നിശബ്ദനായി
നിശ്ശബ്ദനാകാൻ കൊതിക്കുന്ന മനസ്സോടെ അയാളും
പുറത്തു ലോകം അപ്പോഴും കലപില കൂട്ടുന്നുണ്ടായിരുന്നു.

anoopzw@gmail.com

കവിത- മിണ്ടാപ്പൂച്ച

By ശിവപ്രസാദ് പാലോട്

പാതിരാവിൽ കലപില കേട്ട്
പുറത്തിറങ്ങി നോക്കിയപ്പോൾ
കെട്ടിമറിയുന്നുണ്ട്
ഉറി മറിഞ്ഞിട്ടിട്ട്
കലം പൊട്ടിയിട്ടുണ്ട്
പാലു വച്ച പാത്രം
വൃത്തിയാക്കി വച്ചിട്ടുണ്ട്

അവൾ, കൂടെ
കുപ്പായമിട്ട്
അത്തറു പൂശി
ഇവിടെയെങ്ങും
മുമ്പ് മത്തിക്ക് മണം പിടിച്ചു
കണ്ടിട്ടില്ലാത്ത മറ്റൊരെണ്ണവും

അന്നാദ്യമായി
വളർത്തു പൂച്ച മിണ്ടി
കൂടെയുള്ളത് പുഴക്കരയിൽ
വെയിലു കൊള്ളാൻ പോകുമ്പോൾ
ഒപ്പം പഠിച്ചതാണത്രേ..

പിറ്റെന്ന് മറ്റൊന്ന് കൂടെ
അയൽ വീട്ടിലെ കല്യാണത്തിന്
വിരുന്നു പോയപ്പോൾ
കണ്ട പരിചയമാണത്രേ…

കാവിലെ കഥകളിക്ക് വന്നത്
പള്ളിയിലെ നേർച്ചക്ക് വന്നത്
കുമ്പസരിക്കാൻ വന്നത്
ശ്വേതാംബരൻമാരും
ദിഗംബരൻ മാരുമായവർ
ഷാപ്പിലേയും
വേശ്യാലയത്തിലേയും
അന്തേവാസികൾ,
വീടുവിട്ടിറങ്ങിയ ബുദ്ധന്മാർ
ത്രിശങ്കു സ്വർഗത്തിലും
പാതാളത്തിലുമുള്ളവർ
അന്യഗ്രഹ വാസികൾ വരെ

അങ്ങനെയെത്രയെത്ര
പൂച്ചക്കണ്ണുകൾ…

മിണ്ടാപ്പൂച്ച
നാനാത്വത്തിൽ ഏകത്വത്തിന്റെ
മഹാപാഠമായിരുന്നു..

sivaprasadpalode@gmail.com

കവിത- ചിഹ്നങ്ങൾ

By കൃഷ്ണേന്ദു പി കുമാർ

ഒരു ‘രേഖ’ കൊണ്ട്
നീ തുടക്കമിട്ട
ചിലതുണ്ട്..

പറഞ്ഞതൊക്കെയു൦
‘ഉദ്ധരണി’യിലിട്ടിപ്പൊഴു൦
ഉളളിൽ നിറച്ചിട്ടുണ്ട്..

അവയ്ക്കിടയിൽ
മാറിമറിഞ്ഞ
‘ആശ്ചര്യ’ – ‘ചോദ്യ’-
ചിഹ്നങ്ങൾക്കൊക്കെയു൦
‘അൽപ’വു൦ ‘അർധ’വു൦
‘അപൂർണ’വുമായി ഞാൻ
വിരാമമിട്ടിട്ടുണ്ട്..

ഒടുവിൽ നീ തീർത്ത
‘ശൃംഖല’കൾ എന്നെ
‘വലയം’ ചെയ്യുമ്പോൾ
അതൊരുപക്ഷെ
അർഥ൦ നിറഞ്ഞ
‘പൂർണവിരാമ’ത്തി-
ലെത്തിനിൽക്കാ൦..!

krishnendupkumar13@gmail.com